റിലയൻസിൽ വീണ്ടും സൗദിയുടെ വൻ തുക നിക്ഷേപം

രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് സൗദി അറേബ്യ റിലയൻസ് ഓഹരി വാങ്ങുന്നത്.

റിലയൻസിന്‍റെ രണ്ട് ശതമാനം ഓഹരി കൂടി സൗദി കിരീടാവകാശിക്ക് കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് സ്വന്തമാക്കി. 9555 കോടി രൂപക്കാണ് രണ്ടു ശതമാനം ഓഹരി റിലയൻസ് വിട്ടു നൽകിയത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് സൗദി അറേബ്യ റിലയൻസ് ഓഹരി വാങ്ങുന്നത്.

മുകേഷ് അംബാനിയുടെ റിലയൻസിന്‍റെ ചില്ലറ വിപണി സംരംഭത്തിലാണ് സൗദി അറേബ്യ ഓഹരി സ്വന്തമാക്കിയത്. 2.04 ശതമാനം വരുന്ന ഓഹരിക്കായി മുടക്കിയ തുക 9555 കോടി രൂപയാണ്. സൗദി കിരീടാവകാശിക്ക് കീഴിലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടാണ് ഓഹരിയുടെ ഉടമസ്ഥർ. നേരത്തെ ജിയോ പ്ലാറ്റ്ഫോമുകളിലും പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ഓഹരി സ്വന്തമാക്കിയിരുന്നു. അന്ന് 2.32 ശതമാനം ഓഹരിക്കായി 4,58,000 കോടി രൂപയും സൗദി മുടക്കിയിരുന്നു. ഇതോടെ രണ്ടു മാസത്തിനകം സൗദിയിൽ നിന്നും റിലയൻസിന് ലഭിച്ചത് 47,265 കോടി രൂപയാണ്. ലോകത്തെ എറ്റവും വലിയ കമ്പനികളിൽ എണ്ണേതര വരുമാനം ലക്ഷ്യം വെച്ചാണ് സൗദി അറേബ്യ നിക്ഷേപം നടത്തുന്നത്. സൗദി കിരീടാവകാശിക്ക് കീഴിലാണിവ പുരോഗമിക്കുന്നതും. ലോകത്തെ അതിവേഗത്തിൽ വളർച്ചയുണ്ടാക്കുന്ന കമ്പനികളിൽ നിക്ഷേപം തുടരുമെന്ന് സൗദി ഇൻവെസ്റ്റ്മെൻറ് ഫണ്ട് അറിയിച്ചു.