National Sports

ഐപിഎൽ: അടുത്ത വർഷം അഹ്മദാബാദ് ഉണ്ടാവുമെന്ന് ഉറപ്പ്, രണ്ടാമത്തെ ടീമിനായുള്ള ചർച്ചകൾ നടക്കുന്നു എന്ന് റിപ്പോർട്ട്

ഐപിഎൽ ടീമുകൾ അധികരിക്കുമെന്ന അഭ്യൂഹങ്ങൾ ശരിവെച്ച് പുതിയ റിപ്പോർട്ട്. അടുത്ത വർഷം 10 ടീമുകളാക്കി ലീഗ് അധികരിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഹ്മദാബാദ് കേന്ദീകരിച്ച് ഒരു ടീം ഉറപ്പായെന്നുമാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 24നു നടക്കുന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ഇത് തീരുമാനിക്കപ്പെടുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും പുതിയ ടീമുകളെ വാങ്ങിയേക്കുമെന്നാണ് നേരത്തെ സൂചന ഉണ്ടായിരുന്നത്. അഹ്മദാബാദ് കേന്ദ്രീകരിച്ചുള്ള ടീം അദാനിയുടെ ഉടമസ്ഥതയിലാവുമെന്നാണ് സൂചന. മുൻപ് തന്നെ ഐപിഎലിൽ ഇറങ്ങാനുള്ള ആഗ്രഹം ഉണ്ടായിരുന്ന ആളാണ് അദാനി. അഹ്മദാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പണികഴിപ്പിച്ചതു കൊണ്ട് തന്നെ അത് ഹോംഗ്രൗണ്ടാക്കി ഒരു ടീമാവും അദാനി ലക്ഷ്യമിടുക.

രണ്ട് സീസണുകളിൽ ഐപിഎൽ കളിച്ച റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ഫ്രാഞ്ചൈസി ഉടമകളായിരുന്ന ആർപിജിഎസ് ഗ്രൂപ്പ് ഉടമയാണ് ഗോയങ്ക. അതുകൊണ്ട് തന്നെ ഗോയങ്കയ്ക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ട്. പൂനെയ്ക്ക് സാധ്യതയുണ്ടെങ്കിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ് തങ്ങളുടെ ഫ്രാഞ്ചൈസിയെ പൊടിതട്ടി എടുക്കുമെന്നാണ് വിവരം. മോഹൻലാലിനെയും ബൈജൂസിനെയും കൂട്ടിയിണക്കി കേരളത്തിൽ നിന്ന് ഒരു ടീം എന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇതേപ്പറ്റി വ്യക്തതയില്ല.