‘സംരംഭകത്വത്തിന് രാജ്യത്തിനാകെ മാതൃകയാണ് കേരളം’; മുഖ്യമന്ത്രി

വ്യവസായ സൗഹൃദമല്ലെന്ന പ്രതീതി തിരുത്താൻ ഏഴു വർഷം കൊണ്ട് കേരളത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ ‘ഈസ് ഓഫ് ഡൂയിംഗ്’ റാങ്കിങ്ങിൽ ഇക്കാലയളവ് കൊണ്ട് കേരളം 15ആം സ്ഥാനത്തെത്തി. ലോകത്തെ പ്രമുഖ കമ്പനികൾ കേരളത്തെ തേടിയെത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ എറണാകുളം കലൂരിലെ വാർത്താ സമ്മേളനം:
കൊച്ചി നഗരത്തിൻ്റെയും കേരളത്തിന്റെയാകെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂർത്തിയാവുകയാണ്. എസ്.എൻ ജംഗ്ഷനിൽ നിന്നും അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി നടത്തി. സ്റ്റേഷൻ്റേയും വയഡക്റ്റിൻ്റേയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ട്രയൽ റണ്ണും അധികം വൈകാതെ പൂർത്തിയാക്കും. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിനുള്ളത്.