പ്രൊഫൈൽ ഫോട്ടോയും മറച്ചുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്

വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു. പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ എന്നിവ നിങ്ങൾക്ക് മറയ്‌ക്കേണ്ടവരിൽ നിന്ന് മറച്ചുപടിക്കാനുള്ള സൗകര്യമാണ് വാട്ട്‌സ് ആപ്പ് ഒരുക്കുന്നത്.

എല്ലാവർക്കും പ്രൊഫൈൽ ഫോട്ടോ കാണാം, അല്ലെങ്കിൽ കോണ്ടാക്ട്‌സിൽ ഉള്ളവർക്ക് മാത്രം- ഈ രണ്ട് ഓപ്ഷനുകളാണ് നിലവിൽ വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് ഉള്ളത്. എന്നാൽ ചില പ്രത്യേക കോൺടാക്ട് ലിസ്റ്റുകളെ മാറ്റി നിർത്തി ചിലർക്ക് മാത്രം കാണാൻ കഴിയുന്ന വിധത്തിൽ പ്രൊഫൈൽ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

ലാസ്റ്റ് സീൻ എന്നതിനും ഇതേ ഫീച്ചർ ലഭ്യമാകും. വാട്ട്‌സ് ആപ്പ് സ്റ്റേറ്റസിന് നേരത്തെ തന്നെ ഈ ഫാച്ചർ ലഭ്യമാണ്. ഈ ശ്രേണിയിലേക്കാണ് പ്രൊഫൈൽ ഫോട്ടോയും കൂടി എത്തുന്നത്. ആൻഡ്രോയ്ഡിലും ഐഒഎസിലും ഫീച്ചർ ടെസ്റ്റിംഗ് പുരോഗമിക്കുകയാണ്.

ഇതിന് പുറമെ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പ് അംഗങ്ങളുടെ മെസേജുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറും പണിപ്പുരയിലാണ്. അഡ്മിനുകൾക്ക് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഓപ്ഷൻ ലഭ്യമാകും. ഇതോടെ ഗ്രൂപ്പിലെ ഒരു മേസേജ് ഗ്രൂപ്പ് അഡ്മിൻ ഡിലീറ്റ് ചെയ്യുകയും ആ മേസേജ് ഗ്രൂപ്പിലെ എല്ലാവർക്കും അപ്രത്യക്ഷമാവുകയും ചെയ്യും. ‘റിമൂവ്ഡ് ബൈ അഡ്മിൻ’ എന്നായിരിക്കും പകരം കാണുന്ന സന്ദേശം.