വാഗമണ്‍ നിശാപാര്‍ട്ടി; പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും

വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി മരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും. 58 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി എത്തിയത്.

ഇതില്‍ സംഘടകരായ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ബാക്കിയുള്ളവര്‍ക്കെതിരെ വൈദ്യ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി സ്വീകരിക്കുക.

പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധവും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് പരിശോധനകള്‍ കര്‍ശനമാക്കാനാണ് പൊലീസ് തീരുമാനം.

നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്ന് യുവാക്കളുടെയും ഒരു യുവതിയുടെയും ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന.