ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ്; ജാഗ്രതയോടെ ആരോഗ്യവകുപ്പ്; ഉന്നതതല യോഗം ചേര്‍ന്നു

കൊവിഡിന്റെ ജനിതകമാറ്റത്തില്‍ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്താന്‍ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും.യുകെ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കും.

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ലണ്ടനില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തും ജാഗ്രത പുലര്‍ത്താനുള്ള തീരുമാനം. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. നാല് എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും കിയോസ്‌ക്കുകള്‍ ആരംഭിക്കും. യുകെ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കും. യുകെയില്‍ നിന്നും മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴി വരുന്നവരെ കണ്ടെത്താന്‍ സര്‍വൈലന്‍സ് സംവിധാനം ശക്തിപ്പെടുത്തും.

14 ദിവസത്തിനുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരെയും കണ്ടെത്തി നിരീക്ഷിക്കും. രണ്ടാഴ്ചയ്ക്ക് മുമ്പ് ഇവിടങ്ങളില്‍ നിന്ന് വന്ന ആളുകളേയും പ്രത്യേക നിരീക്ഷണത്തില്‍ കൊണ്ടുവരും. യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ ശക്തിപ്പെടുത്താനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

നിലവിലെ വൈറസിനെക്കാള്‍ 70 മടങ്ങ് വ്യാപനശേഷിയുള്ളതാണ് വകഭേദം വന്ന വൈറസ്. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം കൂടുകയാണ്.പ്രായം ചെന്നവരും കൂടുതലായി രോഗബാധിതരാകുന്നു. മരണനിരക്ക് കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഓരോരുത്തരും സ്വയം
ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.