മധ്യപ്രദേശില്‍ ബിജെപിയില്‍ ചേര്‍ന്നയാളെ കോണ്‍ഗ്രസ് ഭാരവാഹിയായി നിശ്ചയിച്ച സംഭവം; അതൃപ്തി അറിയിച്ച് സോണിയ ഗാന്ധി

ബിജെപി അംഗത്തെ കോണ്‍ഗ്രസ് ഭാരവാഹി ആയി നിശ്ചയിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് ഒപ്പം ബിജെപിയില്‍ ചേര്‍ന്നയാളെ ആണ് യുവജനവിഭാഗം ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചത്. ജബല്‍പൂരിലെ ബിജെപി നേതാവായ ഹര്‍ഷിത് സിംഗായിയുടെ ഫോണിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം വന്നത്. വിളിച്ചതില്‍ ഭൂരിപക്ഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആയിരുന്നു. പലരും കാര്യം പോലും പറയാതെ മുക്തകണ്ഠം പ്രശംസിക്കുകയായിരുന്നു.

 

ഏറെ താമസിയാതെ ചാനലുകള്‍ പ്രതികരണത്തിനായി വീട്ടില്‍ എത്തിയപ്പോഴാണ് ഇപ്പോള്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറി ആയി നിയമിക്കപ്പെട്ട വിവരം ഹര്‍ഷിത് സിംഗായ് അറിയുന്നത്. താന്‍ ഇപ്പോഴും ബിജെപിയിലാണെന്നും പാര്‍ട്ടി വിട്ടിട്ടില്ലെന്നും ചാനലുകളിലൂടെ ഹര്‍ഷിത് സിംഗായ് വ്യക്തമാക്കി. തന്നെ അപമാനിക്കാനും വിശ്വസ്തത ഇടിച്ചു താഴ്ത്താനും ബോധപൂര്‍വ്വം നടത്തിയ ഗൂഢാലോചന ആണിതെന്നും കേസ് കൊടുക്കും എന്നും ഹര്‍ഷിത് സിംഗായ്. കാര്യങ്ങള്‍ ഇത്രയും ആയപ്പോഴാണ് സംഭവത്തിലെ വീഴ്ച കോണ്‍ഗ്രസ് തിരിച്ചറിയുന്നത്. ഹര്‍ഷിത് സിംഗായിയുടെ നിയമനം കോണ്‍ഗ്രസ് റദ്ദാക്കി.

സംഭവം മധ്യപ്രദേശിന് പുറത്തേക്ക് എത്തുകയും പ്രധാന വാര്‍ത്താ മാധ്യമങ്ങളുടെ തലക്കെട്ടാകുകയും ചെയ്തു. താന്‍ അറിഞ്ഞ് നല്‍കിയ പട്ടികയില്‍ ഹര്‍ഷിത് സിംഗായിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും വീഴ്ച സംഘടനാ ഘടകത്തിന്റെ താണെന്നും കമല്‍ നാഥ് നിലപാട് സ്വീകരിച്ചു. ഇതോടെയാണ് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയാ ഗാന്ധി സംഘടനാ ഘടകത്തോട് ആവശ്യപ്പെട്ടത്.

സംഭവത്തില്‍ സോണിയ ഗാന്ധി കടുത്ത അതൃപ്തിയിലാണെന്നും കര്‍ശന നടപടി ഉണ്ടാകും എന്നും പാര്‍ട്ടി ദേശീയ വക്താക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ സംഘടന ഘടകത്തോട് സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. രുചി ഗുപ്ത രാജി വച്ചതിന് പിന്നാലെ കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ദേശീയ സംഘടന ഘടകത്തിനെതിരെയുള്ള ആയുധമാക്കുകയാണ് ഈ സംഭവത്തെ പാര്‍ട്ടിയിലെ ഒരു വിഭാഗം.

ഏതായാലും ഈ വിഷയത്തോടെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലെ സംഘടനാ ഘടകത്തില്‍ ഉടന്‍ അഴിച്ച് പണി ഉണ്ടാകും. വിമതരുമായുള്ള ചര്‍ച്ചയില്‍ അടക്കം പ്രിയങ്കാ ഗാന്ധി സംഘടന വിഭാഗത്തിന്റെ ചുമതല നിര്‍വഹിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.