മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധത്തെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധത്തെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പരാതി നൽകി ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്നാരോപിച്ച് മാതാപിതാക്കൾ എസ്.പി ഓഫീസിലേക്ക് എത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പൊലീസ് മേധാവി പിതാവ് ശരീഫിന് എഫ്.ഐ.ആർ പകർപ്പ് നേരിട്ട് കൈമാറി.
ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് മുന്നിൽ നീതി ലഭിക്കും വരെ പ്രതിഷേധിക്കുമെന്ന് അറിയിച്ചു കൊണ്ടാണ് ശരീഫ് ,സഹല ദമ്പതികൾ എത്തിയത്. ഇരട്ട കുട്ടികൾ മരിച്ച സംഭവത്തിൽ പരാതി നൽകി 75 ദിവസം കഴിഞ്ഞിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് ദമ്പതികൾ പറഞ്ഞു .ഇതോടെയാണ് ഇരുവരും ജില്ലാ പോലീസ് മേധാവിയെ കാണാൻ നേരിട്ട് ഓഫീസിൽ എത്തിയത് .
ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുൽ കരീം ദമ്പതികളോട് സംസാരിക്കുകയും. കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആറിന്‍റെ പകർപ്പ് എസ്.പി തന്നെ നേരിട്ട് കൈമാറുകയുമായിരുന്നു .കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും മലപ്പുറം ഡി.വൈ.എസ്.പി അന്വേഷണം നടത്തുമെന്നും എസ്.പി വ്യക്തമാക്കി.