സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയം; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

‘കൊവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ പരീക്ഷകളും ക്ലാസുകളും നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കിയതും’. മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഒമിക്രോണ്‍ സ്ഥിതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ശബരിമല -ശിവഗിരി തീര്‍ത്ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണമാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം.