കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു.
നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും ചേരും. സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും ഈ സമ്മേളനകാലം. ഇന്ന് ചേർന്ന കാര്യോപദേശക സമിതിയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്.
അതേസമയം, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മായ്ച്ച് കളയാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രണ്ട് സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. എല്ലാ ആരോപണങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകും. വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കും. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമാണെന്നും വി ഡി സതീശൻ പറഞ്ഞു.
പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ യുഡിഎഫ് താത്പര്യമെടുത്തുവെന്ന് മന്ത്രി വി എൻ വാസവന്റെ പ്രതികരണത്തിനും വി ഡി സതീശൻ മറുപടി നൽകി. അറിവില്ലായ്മ കൊണ്ടാണ് വാസവൻ അങ്ങനെ പറഞ്ഞത്. ഒഴിവ് നികത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടതിന് കോൺഗ്രസ് എന്ത് മറുപടി പറയാനാണ്. ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ തിഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചു. ഒഴിവുള്ള എല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് കോൺഗ്രസ് എന്ത് ചെയ്യാനാണെന്നും സതീശൻ ചോദിച്ചു.