‘ആടിനെ പട്ടിയാക്കുന്ന നിലപാട്’; മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹർഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തളളിയ മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹർഷിന. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകും. ആ​ഗസ്റ്റ് 16 ന് സെക്രട്ടേറിയേറ്റിന് മുമ്പിൽ ഏകദിന ഉപവാസ നടത്തുമെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.

കത്രിക മെഡിക്കൽ കോളജിന്റേതാണെന്ന പൊലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ് രം​ഗത്തെത്തിയിരുന്നു. കത്രിക മെഡിക്കൽ കോളജിന്റേതല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വാദം. കത്രിക മെഡിക്കൽ കോളജിന്റേതാണെന്ന് പൊലീസ് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിനയുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുകയാണ്.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെയെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനായിരുന്നു അന്വേഷണ ചുമതല. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവ ശസ്ത്രക്രിയ. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു. ഈ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്.