സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു

അധ്യയന വർഷം തുടങ്ങി ഏഴു മാസത്തിനുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്നു മുതൽ ക്ലാസുകൾ തുടങ്ങിയത്. ഒരു ബെഞ്ചിൽ ഒരാൾ എന്ന ക്രമത്തിൽ ഒരു ക്ലാസിൽ പരമാവധി പന്ത്രണ്ട് കുട്ടികളാണ് ഒരു ക്ലാസിലുള്ളത്. വൈകിയാണെങ്കിലും സ്‌കൂളുകളിലെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് കുട്ടികൾ.

പൊതു പരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്കാണ് സ്‌കൂളുകൾ തുറന്നത്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. മാസ്‌കും സാനിറ്റൈസറും ശാരീരിക അകലവും നിർബന്ധമാക്കിയിരുന്നു. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരുന്നു കുട്ടികളെ പ്രവേശിപ്പിച്ചത്. രക്ഷിതാക്കളുടെ സമ്മതപത്രവും നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ബെഞ്ചിൽ ഒരാൾ എന്ന ക്രമത്തിൽ പരമാവധി 12 കുട്ടികൾ മാത്രമാണ് ഒരു ക്ലാസിലുള്ളത്. ഏഴു മാസം നീണ്ട ഓൺലൈൻ പഠനത്തിനുശേഷം സ്‌കൂളിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാർത്ഥികൾ.

സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി എത്താൻ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരുന്നു. ഓൺലൈൻ ക്ലാസുകളുടെ സംശയ നിവാരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം.

ഒരു ദിവസം മൂന്നു മണിക്കൂർ പഠനം എന്ന രീതിയിലാണ് ക്രമീകരണം. ഏതൊക്കെ പാഠഭാഗങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സർക്കാർ നിർദേശം നൽകിയിരുന്നു. സ്‌കൂളുകളിൽ എത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ഗൂഗിൾമീറ്റ് ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനും നിർദേശമുണ്ട്.