കഴിഞ്ഞ വര്‍ഷം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനയാണ് ബ്ലാസ്‌റ്റേഴ്‌സിന് ഉണ്ടായത്.
കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളെ വെല്ലാന്‍ ഇന്ത്യയില്‍ ആരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്. ട്വിറ്ററിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പാണെന്ന് ട്രാന്‍സ്ഫര്‍ ഫുട്‌ബോള്‍ വിവര വെബ്‌സൈറ്റായ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള വമ്പന്മാര്‍ക്കൊപ്പമാണ് ഇന്‍സ്റ്റയിലെ വളര്‍ച്ചയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഇടം.
കഴിഞ്ഞ വര്‍ഷം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനയാണ് ബ്ലാസ്‌റ്റേഴ്‌സിന് ഉണ്ടായത്. വളര്‍ച്ചയില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ടോട്ടന്‍ഹാമിനും ക്രിസ്റ്റല്‍ പാലസിനും സ്പാനിഷ് ക്ലബ്ബായ സെവിയ്യയ്ക്കും മുകളിലാണ് ബ്ലാസ്റ്റേഴ്‌സ്.
ടാന്‍സാനിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സിംബ എസ്.സിയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 89 ശതമാനം വര്‍ധനയില്‍ 1.9 ദശലക്ഷം പേരാണ് ക്ലബിനെ പിന്തുടരുന്നത്. ജര്‍മന്‍ സൂപ്പര്‍ ക്ലബായ ബയേണ്‍ ലവര്‍കുസന്‍ തൊട്ടടുത്ത ക്ലബ്. 79 ശതമാനം വര്‍ധനയില്‍ 3.9 ദശലക്ഷം പേര്‍ ക്ലബിനെ പിന്തുടരുന്നു.
ഇന്ററിനുണ്ടായത് 47 ശതമാനം വര്‍ധനയാണ്. 6.2 ദശലക്ഷം പേരാണ് ഇറ്റാലിയന്‍ ക്ലബിനെ ഫോളോ ചെയ്യുന്നത്. തൊട്ടടുത്ത് മലേഷ്യന്‍ ക്ലബായ ജൊഹോര്‍ ദാറുല്‍ തഅ്‌സീം എഫ്‌സിയാണ്. ഫോളോവേഴ്‌സിന്റെ എണ്ണത്തിലുണ്ടായത് 42 ശതമാനം വര്‍ധന. പിന്തുടരുന്നത് 1.1 ദശലക്ഷം പേര്‍. തൊട്ടുപിന്നിലാണ് ബ്ലാസ്റ്റേഴ്‌സ്. കേരള ക്ലബിനെ പിന്തുടരുന്നത് 1.8 ദശലക്ഷം പേര്‍.
ബ്ലാസ്റ്റേഴ്‌സിന് താഴെയാണ് സെവിയ്യ. 1.1 ലക്ഷം പേരാണ് ക്ലബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നത്. ടോട്ടന്‍ഹാമിനെ 9.5 ദശലക്ഷം പേര്‍ പിന്തുടരുന്നുണ്ട് എങ്കിലും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 39 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ക്രിസ്റ്റല്‍ പാലസും ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബായ ലിയോണുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍. ഇരു ക്ലബുകളെയും യഥാക്രമം 1.1, 1.8 ദശലക്ഷം പേര്‍ ഇന്‍സ്റ്റയില്‍ പിന്തുടരുന്നു.
ട്വിറ്ററിലും പുലി!
മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിലും പ്രീമിയര്‍ ലീഗ് ക്ലബ് ക്ലബുകള്‍ക്ക് ഒപ്പമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. ട്വിറ്ററില്‍ 1.8 ദശലക്ഷം പേരാണ് ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുന്നത്. ഇപിഎല്‍ ക്ലബ്ബായ എവര്‍ട്ടണെ 2.3 ദശലക്ഷം പേരാണ് പിന്തുടരുന്നത്. ടോട്ടന്‍ഹാം ഹോട്സ്പറിനെ 5.3 ദശലക്ഷം പേര്‍ ഫോളോ ചെയ്യുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി 8.8 ദശലക്ഷം, ചെല്‍സി 15.7 ദശലക്ഷം, ലിവര്‍പൂര്‍ 16 ദശലക്ഷം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 24 ദശലക്ഷം എന്നിങ്ങനെയാണ് മറ്റു പ്രധാന പ്രീമിയര്‍ ലീഗ് ടീമുകളുടെ ഫോളോവേഴ്സിന്റെ എണ്ണം.
ഐഎസ്എല്ലില്‍ ഒമ്പതാമത്
ആരാധക പിന്തുണ ഏറെയുണ്ടെങ്കിലും കളത്തില്‍ ആ പെരുമയ്ക്ക് ഒത്ത പ്രകടനം നടത്താന്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് ആയിട്ടില്ല. ഏഴു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റ് മാത്രമാണ് ടീമിന്റെ സമ്പാദ്യം. ആറു മത്സരങ്ങളിലെ തിരിച്ചടിക്ക് ശേഷം ഹൈദരാബാദിനെതിരെയുള്ള അവസാന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നത്. ക്ലബ് ഇതുവരെ മൂന്നു തോല്‍വിയും മൂന്നു സമനിലയും വഴങ്ങി.
ശനിയാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. ഏഴു മത്സരങ്ങളില്‍ നിന്ന് അഞ്ചു വിജയത്തോടെ 16 പോയിന്റാണ് മുംബൈക്കുള്ളത്.