”ഞങ്ങള്‍ തമ്മില്‍ ഒരു അകലവുമില്ല, ഒരു വിവാദവുമില്ല”: സമസ്ത നേതാക്കള്‍ പാണക്കാട് എത്തി

സമസ്ത പ്രസിഡന്‍റ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാർ എന്നിവരാണ് പാണക്കാട്ടെത്തിയത്.

സമസ്ത നേതാക്കള്‍ പാണക്കാട്ടെത്തി, മുസ്‍ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമസ്ത പ്രസിഡന്‍റ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാർ എന്നിവരാണ് പാണക്കാട്ടെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് സമസ്ത നേതാക്കള്‍ പാണക്കാട് എത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമസ്തയും ലീഗും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് സമസ്ത നേതാക്കള്‍ പാണക്കാട് കൂടിക്കാഴ്ചയ്ക്കായി എത്തിയത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കോഴിക്കോട് വെച്ച് ഉമ്മര്‍ ഫൈസി മുക്കം പങ്കെടുക്കുകയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആലിക്കുട്ടി മുസ്‍ലിയാര്‍ എത്തുകയും വഴിയില്‍ വെച്ച് ലീഗ് നേതാക്കള്‍ അദ്ദേഹത്തെ തടയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചതെന്നും ഒരു ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മുസ്‍ലിം ലീഗും സമസ്തയും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പിന്നീട് സമൂഹ മാധ്യമങ്ങളില്‍ ലീഗിനെതിരെ സമസ്ത പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.

ഇന്ന് എസ് കെ എസ് എസ് എഫ് നടത്തുന്ന ജന മുന്നേറ്റ യാത്ര മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുകയാണ്. രാവിലെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് ജില്ലയിലെ പര്യടനത്തിന് തുടക്കം. ആലിക്കുട്ടി മുസ്‍ലിയാരാണ് ജില്ലയിലെ മുന്നേറ്റ യാത്രയുടെ ഉദ്ഘാടകന്‍. ഇതിന് മുന്നോടിയായിട്ട് കൂടിയാണ് സമസ്ത നേതാക്കള്‍ നേരിട്ട് പാണക്കാട് എത്തിയത്.

ഞങ്ങള്‍ തമ്മില്‍ ഒരു അകലവുമില്ല. ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. അകലമുണ്ടെങ്കില്‍ ഇവിടെ വരില്ലല്ലോ. മിക്ക ദിവസവും ഞങ്ങള്‍ ഫോണ്‍ വിളിക്കാറുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ജിഫ്രി തങ്ങളുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ കോഴിക്കോട് വെച്ച് ഉമ്മര്‍ ഫൈസി മുക്കം പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു വിവാദവും ഇല്ലെന്നും ആലിക്കുട്ടി മുസ്‍ലിയാരെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം ദേഹാസ്വസ്ഥ്യം മൂലമാണ് മടങ്ങിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.