വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവീസ് നടത്തുന്നതിനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരിൽ തയ്യാറാണെന്ന് എയർപോർട്ട് അധികൃതർ
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കാനാകും. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സർവീസ് പുനരാരംഭിക്കാനാകുമെന്ന വിലയിരുത്തൽ. വിമാനത്താവളത്തിലെ സുരക്ഷ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഈ മാസം DGCA ക്ക് സമർപ്പിക്കും.
കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടികൾ വിലയിരുത്തിയത്. എയർഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവീസ് നടത്തുന്നതിനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരിൽ തയ്യാറാണെന്ന് എയർപോർട്ട് അധികൃതർ വിമാനകമ്പനി പ്രതിനിധികളെ അറിയിച്ചു.
എത്ര നോട്ടിക്കൽ മൈൽ വേഗത്തിൽ ടെയ്ൽ വിൻഡിൽ ലാൻറ് ചെയ്യാനാകും, ലാൻറ് ചെയ്യുന്നതിനാവശ്യമായ റൺവേ നീളം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീഡ്യർ സമർപ്പിക്കാൻ യോഗത്തിൽ വിമാനകമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓപ്പറേറ്റിംഗ് പ്രൊസീജ്യർ ജനുവരി 12നകം നൽകാമെന്നാണ് വിമാന കമ്പനികൾ അറിയിച്ചത്.
സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് കരിപ്പൂരിൽ നിന്നും അന്തിമ റിപ്പോർട്ട് ഈ മാസം 15 ഓടെ സമർപ്പിക്കും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഡി.ജി.സി.എ സർവീസിനുള്ള അനുമതി നൽകുക.
ആഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്.