ഓസ്ട്രേലിയ-ഇന്ത്യ മൂന്നാം ടെസ്റ്റ് മഴയെ തുടർന്ന് നിർത്തിവച്ചു. ഓസ്ട്രേലിയ 7.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്. നിലവിൽ മഴ മാറിയിട്ടുണ്ട്. ഉടൻ മത്സരം പുനരാരംഭിക്കും എന്നാണ് റിപ്പോർട്ട്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്കായി വിൽ പുകോവ്സ്കിയും ഡേവിഡ് വാർണറും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. സ്കോർബോർഡിൽ 6 റൺസ് മാത്രമുള്ളപ്പോൾ ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഡേവിഡ് വാർണറെ (5) മുഹമ്മദ് സിറാജിൻ്റെ പന്തിൽ ചേതേശ്വർ പൂജാര പിടികൂടുകയായിരുന്നു. കളി നിർത്തിവെക്കുമ്പോൾ പുകോവ്സ്കി (14), ലെബുഷെയ്‌ൻ (2) എന്നിവരാണ് ക്രീസിൽ.
മൂന്നാം ടെസ്റ്റിൽ ഇരു ടീമുകളും രണ്ട് മാറ്റവുമായാണ് ഇറങ്ങിയത്. ഓസ്ട്രേലിയൻ ടീമിൽ വിൽ പുകോവ്സ്കി അരങ്ങേറിയപ്പോൽ ഡേവിഡ് വാർണർ തിരികെയെത്തി. ഓപ്പണർ ജോ ബേൺസ്, ഓൾറൗണ്ടർ ട്രാവിസ് ഹെഡ് എന്നിവർക്ക് പകരമാണ് ഇവർ എത്തിയത്. ഇന്ത്യൻ ടീമിൽ നവദീപ് സെയ്നി അരങ്ങേറ്റം കുറിച്ചു. പരുക്കേറ്റ് പുറത്തായ ഉമേഷ് യാദവിനു പകരമാണ് സെയ്നി എത്തിയത്. സെയ്നിക്കൊപ്പം രോഹിത് ശർമ്മയും ടീമിലെത്തി. മായങ്ക് അഗർവാളിനെയാണ് ഇന്ത്യ പുറത്തിരുത്തിയത്.
ആദ്യ രണ്ട് ടെസ്റ്റുകൾ ഓരോന്ന് വീതം ജയിച്ചതോടെ മൂന്നാം ടെസ്റ്റ് നിർണ്ണായകമായിരുന്നു. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര നഷ്ടമാവില്ലെന്ന് ഉറപ്പിക്കാം.