ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച് അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോൾ ഹിൽ ബിൽഡിംഗിൽ നടത്തിയ ആക്രമണത്തിൽ മരണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് മരിച്ചത്. രണ്ട് സ്ത്രീകൾ അടക്കം നാല് പേർ ഇന്നലെ മരിച്ചിരുന്നു. അതിനിടെ, സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കാപിറ്റോൾ ഹിൽ പൊലീസ് മേധാവി രാജിവച്ചു.
സംഘടിച്ചെത്തി അക്രമം അഴിച്ചുവിട്ട നൂറോളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കോടതിയിൽ ഹാജരാക്കി. കുപ്രസിദ്ധ തീവ്രവലതുപക്ഷ സംഘടനയായ പ്രൗഡ് ബോയിസ് ക്യുവനോനിന്റെ അംഗങ്ങളാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും, കൂടുതൽ അക്രമികളെ കണ്ടെത്താൻ എഫ്.ബി.ഐ തിരച്ചിൽ ഊർജിതമാക്കി. അതേസമയം, അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിൽ തുടരാൻ അർഹതയില്ലെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ട്രംപിനെ നീക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് സ്പീക്കർ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം ഒരു മണിയോടെയാണ് ആക്രമണം നടന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്ക് ആയിരക്കണക്കിന് സായുധ അക്രമികൾ പാർലമെന്റിന്റെ വാതിലുകൾ തകർത്ത് ഇരച്ചു കയറുകയായിരുന്നു. നാലു മണിക്കൂറോളം പണിപ്പെട്ടാണ് പൊലീസിന് അക്രമികളെ പുറത്താക്കിയത്.