കാപിറ്റോൾ കലാപത്തിൽ മരണം അഞ്ചായി; ട്രംപിന് തുടരാൻ അർഹതയില്ലെന്ന് സ്പീക്കർ നാൻസി പെലോസി

ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോൽവി അം​ഗീകരിക്കാൻ വിസമ്മതിച്ച് അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോൾ ഹിൽ ബിൽഡിം​ഗിൽ നടത്തിയ ആക്രമണത്തിൽ മരണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് മരിച്ചത്. രണ്ട് സ്ത്രീകൾ അടക്കം നാല് പേർ ഇന്നലെ മരിച്ചിരുന്നു. അതിനിടെ, സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിൽ കാപിറ്റോൾ ഹി​ൽ പൊലീസ് മേധാവി രാജിവച്ചു.

സംഘടിച്ചെത്തി അക്രമം അഴിച്ചുവിട്ട നൂറോളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കോടതിയിൽ ഹാജരാക്കി. കുപ്രസിദ്ധ തീവ്രവലതുപക്ഷ സംഘടനയായ പ്രൗഡ് ബോയിസ് ക്യുവനോനിന്റെ അം​ഗങ്ങളാണ് അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും, കൂടുതൽ അക്രമികളെ കണ്ടെത്താൻ എഫ്.ബി.ഐ തിരച്ചിൽ ഊർജിതമാക്കി. അതേസമയം, അക്രമങ്ങളുടെ പശ്ചാത്തലത്തിൽ‌ ഡോണൾ‌ഡ് ട്രംപിന് വൈറ്റ് ഹൗസിൽ തുടരാൻ അർഹതയില്ലെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ഭരണഘടനയുടെ 25-ാം ഭേദ​ഗതി പ്രകാരം ട്രംപിനെ നീക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് സ്പീക്കർ ആവശ്യപ്പെട്ടു.

വ്യാഴാ​ഴ്​​ച പു​ല​ർ​ച്ചെ ഇ​ന്ത്യ​ൻ സ​മ​യം ഒ​രു ​മ​ണി​യോ​ടെയാണ് ആക്രമണം നടന്നത്. നിയുക്​ത പ്ര​സി​ഡ​ന്റ്​ ജോ ​ബൈ​ഡ​​ന്‍റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്​ത യോഗത്തിലേക്ക് ആ​യി​ര​ക്ക​ണ​ക്കി​ന്​ സാ​യു​ധ അ​ക്ര​മി​ക​ൾ പാ​ർ​ല​മെന്‍റിന്‍റെ വാ​തി​ലു​ക​ൾ ത​ക​ർ​ത്ത്​​ ഇ​ര​ച്ചു കയറുകയായിരുന്നു. നാ​ലു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ്​ പൊ​ലീ​സി​ന്​ അ​ക്ര​മി​ക​ളെ പുറത്താക്കിയത്.