ഇന്ത്യൻ ക്രിക്കറ്റ് ടീം കിറ്റ് സ്പോൺസറായ എംപിഎലിൽ ക്യാപ്റ്റൻ വിരാട് കോലിക്ക് നിക്ഷേപമുണ്ടെന്ന് സൂചന. ഇത് ഭിന്നതാത്പര്യമാണെന്നാണ് ആരോപണം. 2020ലാണ് ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ മൊബൈൽ പ്രീമിയർ ലീഗുമായി ബിസിസിഐ കരാർ ഒപ്പിട്ടത്. 2019ൽ കോലി എംപിഎലിൽ നിസ്ഖേപം നടത്തി എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
2020 നവംബർ 17നാണ് ബിസിസിഐ എംപിഎലുമായി കരാർ ഒപ്പിട്ടത്. പ്രമുഖ ബ്രാൻഡായ നൈക്കിയുമായുള്ള കരാർ അവസാനിപ്പിച്ചാണ് കിറ്റ് നിർമ്മാണ മേഖലയിൽ മുൻപരിചയമില്ലാത്ത ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമിനെ ബിസിസിഐ കിറ്റ് സ്പോൺസർ ആക്കിയത്. വരുന്ന മൂന്ന് വർഷത്തേക്ക് ഇന്ത്യയുടെ പുരുഷ, വനിത, അണ്ടർ-19 ടീമുകൾക്കുള്ള കിറ്റ് എംപിഎൽ ആവും സ്പോൺസർ ചെയ്യുക.
2019 ഫെബ്രുവരിയിലാണ് കോലി എംപിഎലിൻ്റെ ഉടമകയായ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി, ഗലാക്ടസ് ഫൺവെയർ ടെക്നോളജിയിൽ നിക്ഷേപം നടത്തിയത്. അന്ന് 33.32 ലക്ഷം രൂപയുടെ ഓഹരിയാക്കി മാറ്റാവുന്ന കടപ്പത്രം കമ്പനി കോലിക്ക് അനുവദിക്കുകയും ചെയ്തു. 2020 ജനുവരിയിൽ കോലിയെ എംപിഎൽ തങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആക്കിയിരുന്നു.
കമ്പനിയുമായുള്ള് ധാരണ പ്രകാരം 10 വർഷത്തിന് ശേഷം കമ്പനിയിൽ 0.051 ശതമാനം ഓഹരി വിരാട് കോലിക്ക് ലഭിക്കും. അതുകൊണ്ട് തന്നെ ഇത് ഭിന്നതാത്പര്യമാണെന്നാണ് അഭിപ്രായമുയരുന്നത്.