പന്തിനും ജഡേജയ്ക്കും പരുക്ക്; ഇന്ത്യക്ക് കനത്ത തിരിച്ചടി

മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും പരുക്ക്. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇരുവർക്കും പരുക്കേറ്റത്. ഇതോടെ രണ്ടാം ഇന്നിംഗ്സിൽ പന്തിനു പകരം വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് സംരക്ഷിച്ചത്. ജഡേജയാവട്ടെ രണ്ടാം ഇന്നിംഗ്സിൽ ഇതുവരെ പന്തെറിഞ്ഞിട്ടുമില്ല. ഇരുവരും ആദ്യ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയിരുന്നു.

മൂന്നാം ദിനം ബാറ്റ് ചെയ്യവെ മിച്ചൽ സ്റ്റാർക്കിന്റെ ബൗൺസറിൽ ജഡേജയുടെ വിരലിന് പരുക്ക് ഏൽക്കുകയായിരുന്നു. പരുക്കേറ്റിട്ടും ബാറ്റിംഗ് തുടർന്ന് താരം 36 റൺസെടുത്ത് പുറത്താവാതെ നിന്നു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിൽ താരം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. കമ്മിൻസിന്റെ ബൗൺസറിലാണ് പന്തിനു പരുക്കേറ്റത്. ഇരുവരെയും സ്കാനിംഗിനു വിധേയരാക്കിയതായി ബിസിസിഐ അറിയിച്ചു.

അതേസമയം, മത്സരത്തിൽ ഓസ്ട്രേലിയ ആധിപത്യം പുലർത്തുകയാണ്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ് മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എടുത്തിട്ടുണ്ട്. മാർനസ് ലബുഷെയ്ൻ (47), സ്റ്റീവ് സ്മിത്ത് (29) എന്നിവരാണ് ക്രീസിൽ. ഇരുവരും ചേർന്ന് 68 റൺസിൻ്റെ അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും ഉയർത്തിയിട്ടുണ്ട്. ഡേവിഡ് വാർണർ (13) വിൽ പുകോവ്സ്കി (10) എന്നിവരാണ് പുറത്തായത്.