അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഡെമോക്രാറ്റിക് പാർട്ടി. ഇതുസംബന്ധിച്ച പ്രമേയം ഡെമോക്രാറ്റിക് പാർട്ടി തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ കൊണ്ടുവരും. സ്ഥാനമൊഴിയാൻ വെറും പത്തുദിവസം മാത്രം ശേഷിക്കെയാണ് നടപടി.
ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് നിയുക്ത പ്രസിഡന്റ് ജോബൈഡനും രംഗത്തെത്തി. ട്രംപ് തൽസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അതേസമയം, നടപടി രാഷ്ട്രീയപ്രേരിതവും രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതാമാണെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. അധികാരദുർവിനിയോഗം ആരോപിച്ച് 2019ലും ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ, സെനറ്റ് പിന്നീടത് തള്ളുകയായിരുന്നു. ഇതിനിടെ അക്രമണങ്ങൾക്ക് പ്രേരണ നൽകുമെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിന് എന്നന്നേക്കുമായി വിലക്ക് ഏർപ്പെടുത്തി. മുൻപ് കാപ്പിറ്റോൾ കലാപത്തെ തുടർന്ന് 12 മണിക്കൂർ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് വിലക്കിയതിന് പുറമേയാണിത്.