കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ടി-20 ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കാണ് ഇന്ന് തുടക്കമാവുക. ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. നാളെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം. മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഇയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. ഡൽഹി, മുംബൈ, ആന്ധ്ര പ്രദേശ് തുടങ്ങി കരുത്തരായ ടീമുകളെയാണ് കേരളത്തിന് നേരിടേണ്ടത്. നാളെ പുതുച്ചേരിക്കെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.
ഏഴ് വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ശ്രീശാന്ത് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകത സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുണ്ട്. വാതുവെപ്പ് വിവാദത്തെ തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ച് മടങ്ങിയെത്തുന്ന താരത്തിൻ്റെ പ്രകടനം ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യൻ താരം സഞ്ജു സാംസൺ ആണ് കേരളത്തെ നയിക്കുക. സച്ചിൻ ബേബി, എസ് ശ്രീശാന്ത്, ബേസിൽ തമ്പി, കെ എം ആസിഫ്, റോബിൻ ഉത്തപ്പ, ജലജ് സക്സേന, വിഷ്ണു വിനോദ്, അഭിഷേക് മോഹൻ, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിനൂപ് മനോഹരൻ, രോഹൻ കുന്നുമ്മൽ, എസ് മിഥുൻ, എംഡി നിഥീഷ്, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ എന്നിവരാണ് സ്ക്വാഡിലെ മറ്റ് താരങ്ങൾ.