8 കൊല്ലമായിട്ടും കപ്പില്ല; കോലി ആർസിബി ക്യാപ്റ്റൻ സ്ഥാനം രാജിവെക്കണം; ഗൗതം ഗംഭീർ

വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് മുൻ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഇന്നലെ നടന്ന എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെയാണ് ഗംഭീർ കോലിക്കെതിരെ രംഗത്തെത്തിയത്. ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോയുടെ ടോക്ക് ഷോയിലാണ് ഗംഭീർ അഭിപ്രായമറിയിച്ചത്.

കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗംഭീർ. “100 ശതമാനം മാറ്റണം. അത് ഉത്തരവാദിത്തത്തിൻ്റെ കാര്യമാണ്. ട്രോഫി ഇല്ലാതെ ഒരു ടൂർണമെൻ്റിൽ എട്ടു വർഷം എന്നത് നീണ്ട കാലയളവാണ്. മറ്റൊരു ക്യാപ്റ്റനെ പറയൂ. ക്യാപ്റ്റൻ പോട്ടെ, എട്ട് വർഷമായിട്ടും ട്രോഫി ലഭിക്കാഞ്ഞിട്ടും വീണ്ടും അവിടെ തുടരുന്ന ഒരു കളിക്കാരനെ പറയൂ. ഞാനാണ് ഉത്തരവാദി എന്ന് കൈകൾ ഉയർത്തി മുൻപോട്ട് വന്ന് കോലി പറയേണ്ടതുണ്ട്.

കിംഗ്സ് ഇലവൻ പഞ്ചാബിൻ്റെ കാര്യം എടുക്കൂ. രണ്ടു വർഷം കിംഗ്സ് ഇലവനിൽ കിരീടം നേടാൻ കഴിയാതെ വന്നപ്പോൾ അശ്വിൻ പുറത്തായി. നമ്മൾ ധോണിയെ കുറിച്ച് സംസാരിക്കുന്നു, രോഹിത്തിനെ കുറിച്ച് സംസാരിക്കുന്നു. കോലിയെ കുറിച്ച് നമ്മൾ സംസാരിക്കുന്നുണ്ടോ? ഒരിക്കലുമില്ല. ധോണി 3 ഐപിഎൽ കിരീടങ്ങൾ നേടി. രോഹിത് നാലെണ്ണം നേടി. അതുകൊണ്ടാണ് അവർ ഇത്ര നാളായിട്ടും നായക സ്ഥാനത്ത് തുടരുന്നത്.”- ഗംഭീർ പറഞ്ഞു.