സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് ഹർജി നൽകുക. സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അടയ്ക്കാ രാജുവിന്റെ മൊഴിയിലെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടേക്കും.
കൂടാതെ അപ്പീൽ തീർപ്പാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടും.
കഴിഞ്ഞ ഡിസംബർ 23 നാണ് സിസ്റ്റർ അഭയ കൊലക്കേസിൽ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കൽ, കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. സിസ്റ്റർ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും ഇരുവർക്കും വിധിച്ചിട്ടുണ്ട്.