ബജറ്റിൽ ഖാദി മേഖലയെ അവഗണിച്ചതായി പരാതി

റിബേറ്റ് കുടിശ്ശികക്കുള്ള തുക പോലും ബജറ്റിൽ വകയിരുത്താത്തത് ഖാദി മേഖലക്ക് കനത്ത തിരിച്ചടിയായി.

സംസ്ഥാന ബജറ്റിൽ ഖാദി മേഖലയെ അവഗണിച്ചതായി പരാതി. റിബേറ്റ് കുടിശ്ശികക്കുള്ള തുക പോലും ബജറ്റിൽ വകയിരുത്താത്തത് ഖാദി മേഖലക്ക് കനത്ത തിരിച്ചടിയായി. എന്നാൽ കൈത്തറി മേഖലക്ക് പുതിയ ബജറ്റ് പ്രതീക്ഷ നല്‍കുന്നുണ്ട്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഖാദി മേഖലക്ക് ഇത്തവണത്തെ ബജറ്റ് നിരാശയാണ് സമ്മാനിക്കുന്നത്. ഖാദി ഗ്രാമീണ വ്യവസായത്തിനു 16 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്.റിബേറ്റ് നൽകിയ വകയിൽ ഖാദി സ്ഥാപനങ്ങർക്ക് 48 കോടി രൂപയുടെ കുടിശിക ലഭിക്കാനുണ്ട്. ഇതിന് മതിയായ ഫണ്ട് വകയിരുത്തിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ പ്രത്യക പാക്കേജെന്ന വാഗ്ദാനവും ബജറ്റില്‍ ഇടം പിടിച്ചില്ല.

എന്നാൽ കൈത്തറി മേഖലയ്ക്ക് ആശ്വാസം നൽകുന്നതാണ് ബജറ്റ്. കൈത്തറി മേഖലയ്ക്ക് 52 കോടി രൂപയും കൈത്തറി സംഘങ്ങൾ വഴി നടപ്പാക്കുന്ന യൂണിഫോം പദ്ധതിക്കു 105 കോടി രൂപയും ബജറ്റിൽ പ്രഖ്യാപനത്തിലുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹാന്‍റക്സിനെയും ഹാൻവീവിനെയും പുനരുദ്ധരിക്കുന്നതിനുളള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.