‘ഇന്ന് ചോദ്യവും ഉത്തരവുമില്ല’; പത്തു മാസത്തിന് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ

തൃശൂർ: പാർട്ടി സംസ്ഥാന നേതൃത്വവുമായി കലഹിച്ചു നിൽക്കുന്ന മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രൻ തൃശൂരിൽ നടക്കുന്ന ബിജെപി നേതൃയോഗത്തിനെത്തി. ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കുന്ന പരിപാടിക്കാണ് ഇവരെത്തിയത്. പത്തു മാസമായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ശോഭ.

നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാൻ അവർ തയ്യാറായില്ല. ‘ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന ഒരു യോഗത്തിന് ഞാൻ വരുന്നു. സംഘടനയും സുഹൃത്തുക്കളും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ല’ – എന്നാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പാർട്ടി ദേശീയ നേതൃത്വം ശോഭയുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട്. ഈയിടെ തൃശൂരിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ നിന്ന് അവർ വിട്ടു നിന്നിരുന്നു. ശോഭയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ തിരുവനന്തപുരത്തെ വാർത്താ സമ്മേളനത്തിൽ ജെപി നദ്ദ തയ്യാറായിരുന്നില്ല.

അതിനിടെ, ശോഭയ്‌ക്കെതിരെ മുൻ സംസ്ഥാന അധ്യക്ഷൻ പിപി മുകുന്ദൻ രംഗത്തെത്തി. മൂക്കാതെ പഴുത്തതാണ് ശോഭ സുരേന്ദ്രൻറെ പ്രശ്‌നം. വരുന്ന ആറു മാസം നിശബ്ദയായിരിക്കാൻ താൻ ശോഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ സംസാരിച്ചു പരിഹരിക്കാൻ നേതൃത്വവും തയ്യാറാകണം- മുകുന്ദൻ ആവശ്യപ്പെട്ടു.