പാണ്ടിക്കാട് പോക്സോ കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്

പാണ്ടിക്കാട് പോക്സോ കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണ് സൂചന.\

മലപ്പുറം പാണ്ടിക്കാട് പോക്സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിന് ഇരയായ സംഭവത്തിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. 32 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആദ്യഘട്ടത്തിൽ മൂന്ന് കുറ്റപത്രങ്ങൾ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

44 പ്രതികളുള്ള കേസിൽ 11 പ്രതികൾ കൂടി അറസ്റ്റിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 38 ആയി. 6 പേരെയാണ് ഇനി പിടികൂടാനുള്ളത്. ചില പ്രതികളെ ഇരക്ക് തിരിച്ചറിയാനാകാത്തതിനാലാണ് അറസ്റ്റ് വൈകുന്നതന്നാണ് വിവരം. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ മൂന്ന് സിഐമാർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം പോക്സോ കേസ് ഇര തുടർച്ചായി പീഡനത്തിന് ഇരയായതിൽ പെൺകുട്ടി താമസിച്ചിരുന്ന ഷെൽട്ടർ ഹോം അധികാരികൾക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തൽ. വിദഗ്ധ ചികിൽസക്ക് നിർദ്ദേശിക്കപ്പട്ട പെൺകുട്ടിക്ക് കൗൺസിലിംഗും ചികിത്സയും നൽകി വരികയാണ്.

പതിമൂന്ന് വയസ് ആയിരിക്കെ 2016 ലാണ് പെൺകുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. ചൈൽഡ് ലൈൻ ഇടപെട്ട് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിക്കുകയും കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തെങ്കിലും പിന്നീട് ബന്ധുക്കൾക്ക് തന്നെ കൈമാറി. 2017 ൽ വീണ്ടും പീഡനത്തിന് ഇരയായതോടെ പെൻകുട്ടിയെ വീണ്ടും ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ സാമൂഹിക അന്തരീക്ഷം സുരക്ഷിതമെന്ന ചൈൽഡ്‌ പ്രൊട്ടക്ഷൻ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വീണ്ടും ബന്ധുക്കൾക്ക് കൈമാറി. ഇതിനു പിന്നാലെ കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടു.