108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ധനവകുപ്പിനെ മറികടന്നാണ് തീരുമാനം. കൊവിഡ് പരിചരണത്തിനായി ആംബുലന്‍സുകള്‍ ഓടുന്നത് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശത്തെ മറികടന്നതെന്ന് മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ 108 ആംബുലന്‍സിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ വഴി കരാര്‍ എടുത്തിരിക്കുന്നത്ജിവികെ ഇഎംആര്‍ഐ എന്നസ്വകാര്യ കമ്പനിയാണ്.ത്രൈമാസ അടിസ്ഥാനത്തിലാണ് ബില്ലുകള്‍ സമര്‍പ്പിച്ചിരുന്നത്.കരാര്‍ ലംഘനം ഉണ്ടായാല്‍ കമ്പനി പിഴ ഒടുക്കേണ്ടി വരുമെന്നായിരുന്നു ധാരണ.

ആംബുലന്‍സുകള്‍ എത്തിക്കാനും വിന്യസിക്കാനും കാലതാമസം, ജീവനക്കാരെ നിയോഗിക്കുന്നതിലെ കാലതാമസം,ഫോണ്‍ കോളുകളോട് പ്രതികരിക്കാനുള്ള വൈമുഖ്യം തുടങ്ങിയ കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പിഴ ചുമത്തി. നാല് പാദങ്ങളിലായാണ് പിഴ ചുമത്തിയത്. ആദ്യ ഘട്ടത്തില്‍36,79, 32,265 ആയിരുന്നു പിഴ.ആംബുലന്‍സ് സമയത്ത് എത്തിക്കുന്നതില്‍ മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കവും, പെരുമാറ്റച്ചട്ടം നിലവില്‍ നിന്നതും ബാധിച്ചതെന്നടക്കമുള്ള കമ്പനിയുടെ വാദം അംഗീകരിച്ച്പിഴ 16 കോടി 31 ലക്ഷം ആയി പുനക്രമീരിച്ചു. രണ്ടാം ഘട്ടത്തില്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് ആറ് കോടി 23 ലക്ഷം രൂപ പിഴ ചുമത്തി. മൂന്നാം ഘട്ടത്തില്‍ ഒരു കോടി 84 ലക്ഷം രൂപയും നാലാം ഘട്ടത്തില്‍ 98 ലക്ഷം രൂപയും പിഴ ചുമത്തി.

രണ്ട് തവണയായി മൂന്ന് കോടി 45 ലക്ഷം രൂപ ജിവികെ കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കി. എന്നാല്‍ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജിവികെ കമ്പനി സര്‍ക്കാരിന് അപേക്ഷ നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രി, ധന- നിയമ വകുപ്പുകളുടെ പരിഗണനയ്ക്കായി ഫയല്‍ അയച്ചു. നിയമവകുപ്പ് ഇടപെടേണ്ട വിഷയമല്ലെന്ന് നിയമവകുപ്പ് നിലപാട് എടുത്തപ്പോള്‍ പിഴ ഒഴിവാക്കരുതെന്നും, പിഴ ചുമത്തല്‍ വ്യവസ്ഥ പ്രകാരമെന്നും ധനവകുപ്പും നിലപാട് സ്വീകരിച്ചു. 2021 ജനുവരി 21 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ധനവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് 25 കോടിയുടെ പിഴ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് രോഗീ പരിചരണത്തിന് 108 ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. പിഴ നിശ്ചയിക്കുന്ന വ്യവസ്ഥകളില്‍ ഇളവ് നല്‍കാനും തീരുമാനമായി.