കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിലുണ്ടായത് 400ലധികം ഇന്റർനെറ്റ് ലോക്ക്ഡൗണുകൾ; റിപ്പോർട്ട്

കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിൽ 400ലധികം തവണ ഇൻ്റർനെറ്റ് ലോക്ക്ഡൗൺ ഉണ്ടായെന്ന് റിപ്പോർട്ട്. ഒരു മണിക്കൂർ ഇൻ്റർനെറ്റ് റദ്ദാക്കുമ്പോൾ 2 കോടിയോളം രൂപയാണ് നഷ്ടം വരിക. 2021ൽ മാത്രം രാജ്യത്ത് ഏഴ് തവണ ഇൻ്റർനെറ്റ് വിച്ചേദിച്ചു. കാർഷിക പ്രതിഷേധത്തിനിടെയാണ് ഇവയിൽ അഞ്ചും ഉണ്ടായത്.

2017ൽ 79 തവണ ഇൻ്റർനെറ്റ് റദ്ദാക്കിയപ്പോൾ അടുത്ത വർഷം ഈ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. 134 തവണയാണ് 2018ൽ ഇൻ്റർനെറ്റ് വിഛേദിച്ചത്. 2019ൽ 10 തവണയും കഴിഞ്ഞ വർഷം 83 തവണയും രാജ്യത്ത് ഇൻ്റർനെറ്റ് ലോക്ക്ഡൗണുകൾ ഉണ്ടായി.

ലോകത്തിലെ ഏറ്റവും നീണ്ട ഇൻ്റർനെറ്റ് ലോക്ക്ഡൗണും ഇന്ത്യയിലാണ്. 2017ലായിരുന്നു അത്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനു ശേഷം 2019 ഓഗസ്റ്റ് 4 മുതൽ 2020 മാർച്ച് 4 വരെ ജമ്മു കശ്മീരിലെ ഇൻ്റർനെറ്റ് വിഛേദിച്ചതാണ് ലോകത്തിലെ ഏറ്റവും നീണ്ട ഇൻ്റർനെറ്റ് ലോക്ക്ഡൗൺ. 223 ദിവസമാണ് കശ്മീർ പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്.

ഇന്ത്യയാണ് ഏറ്റവുമധികം ഇൻ്റർനെറ്റ് ലോക്ക്ഡൗണുകൾ ഏർപ്പെടുത്തിയ ജനാധിപത്യ രാജ്യമെന്ന് ഫോബ്സിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കശ്മീരിലാണ് ഏറ്റവുമധികം തവണ ഇൻ്റർനെറ്റ് വിഛേദിച്ചിട്ടുള്ളത്. രാജസ്ഥാൻ, യുപി, പശ്ചിമ ബംഗാൾ, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കശ്മീരിനു പിന്നിലാണ്. മിക്ക ലോക്ക്ഡൗണുകളും മൂന്നു ദിവസത്തിലധികം നീണ്ട് നിൽക്കുന്നവകളുമാണ്.