സമൂഹ മാധ്യമങ്ങളിൽ ട്രോൾ വിഡിയോ വൈറലാകാൻ അപകടം മനഃപൂർവം സൃഷ്ടിച്ച യുവാക്കൾക്കെതിരെ നടപടി. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. ട്രോൾ വിഡിയോയ്ക്കായി യുവാക്കൾ വാഹനാപകടം മനഃപൂർവം സൃഷ്ടിക്കുകയായിരുന്നു. വിഡിയോ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് വ്യക്തമായത്.
ദിവസങ്ങൾക്ക് മുൻപാണ് സംഭവം. തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മഹാദേവികാട് തോട്ടുകടവ് ഭാഗത്തുവച്ചാണ് യുവാക്കൾ വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരണത്തിനായി ന്യൂജെൻ ബൈക്കിൽ അതിവേഗത്തിൽ എത്തിയ യുവാക്കൾ മുന്നിൽപ്പോയ ബൈക്ക് യാത്രികരെ പിന്നിൽനിന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പാളിയെങ്കിലും നിലതെറ്റി വീണില്ല. പിന്നിലിരുന്ന ആളിന്റെ കൈക്ക് പരുക്കേറ്റു.
വിഡിയോ വൈറലായതോടെ മോട്ടോർ വാഹനവകുപ്പ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു. അഞ്ചുപേരുടെ ലൈസൻസും വാഹനത്തിന്റെ ആർസിയും മോട്ടോർ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.