സരിതയുടെ തിരുനെൽവേലിയിലെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു; വിവിധയിടങ്ങളിൽ നിന്ന് ഭീഷണി നേരിട്ടുവെന്ന് പരാതിക്കാരൻ

തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായർക്കെതിരെ പരാതിക്കാരൻ അരുൺ രംഗത്ത്. സരിതയുടെ ആരോപണങ്ങൾ തെറ്റാണെന്ന് അരുൺ പറഞ്ഞു. സരിതയുടെ തിരുനെൽവേലിയിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പരാതി നൽകിയതിന്റെ പേരിൽ വിവിധയിടങ്ങളിൽ നിന്ന് ഭീഷണി നേരിട്ടെന്നും അരുൺ ട്വന്റിഫോറിനോട് പറഞ്ഞു.

തൊഴിൽ തട്ടിപ്പിൽ പല രാഷ്ട്രീയക്കാർക്കും ബന്ധമുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടെന്നാണ് മനസിലാക്കുന്നത്. പല പ്രാദേശിക നേതാക്കളും നേരിട്ടു വന്നുകണ്ടു. ഉപദേശത്തിന്റെ സ്വരത്തിലാണ് അവർ സംസാരിച്ചത്. വലിയ രീതിയിലുള്ള ഭീഷണിയുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്തും ഫോണിലൂടെയും ഭീഷണി ഉണ്ടെന്നും അരുൺ പറഞ്ഞു.

പുറത്തുവിട്ടിരിക്കുന്ന ശബ്ദരേഖ സരിതയുടേത് തന്നെയാണ്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാവുന്നതാണ്. ഫോറൻസിക് പരിശോധന വേണം എന്നുതന്നെയാണ് അഭിപ്രായം. പരാതി നൽകിയതിന് ശേഷം സരിത ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അരുൺ കൂട്ടിച്ചേർത്തു.

അതിനിടെ സരിത എസ് നായർക്കെതിരെ കൂടുതൽ തെളിവുകൾ അരുൺ പുറത്തുവിട്ടു. സരിതയുമായുള്ള വാട്‌സ്ആപ്പ് ചാറ്റാണ് പുറത്തുവിട്ടത്. ഇടപാടിനായി സരിത എസ് നായർ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയത് ചാറ്റിലുണ്ട്. അതേസമയം, ശബ്ദരേഖ തന്റേതല്ലെന്ന് വ്യക്തമാക്കി സരിത എസ് നായരും രംഗത്തെത്തി.