65കാരിക്ക് കൂട്ടായി 58കാരൻ; പ്രണയദിനത്തിൽ ഒന്നാകാൻ രാജനും സരസ്വതിയും

പ്രണയത്തിനും വിവാഹത്തിനും യാതൊരു അതിർവരമ്പുകളും ഇല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ 58 കാരനായ രാജനും 65 കാരിയായ സരശ്വതിയും. ഈ പ്രണയദിനത്തിൽ വിവാഹിതരാവുകയാണ് ഇരുവരും.

സംസ്ഥാന അതിർത്തികളോ, ഭാഷയോ, പ്രായമോ, ജാതിയോ, മതമോ, നിറമോ ഒന്നും ഇവരുടെ പ്രണയത്തിന് തടസമായില്ല. ജീവിത സായാഹ്നത്തിൽ ദുഃഖം കൂട്ടിനെത്തിയ ഇരുവരും പരസ്പരം തണലാവാൻ തീരുമാനിച്ചു.

തമിഴ്നാട്, തിരുച്ചിറപ്പളളി സ്വദേശിയാണ് 58 കാരനായ രാജൻ. ശബരിമല സീസണിൽ കടകളിൽ ജോലിക്കെത്തിയിരുന്ന രാജൻ സീസൺ കഴിഞ്ഞാൽ മടങ്ങാറില്ലായിരുന്നു. സഹോദരിമാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച രാജൻ വിവാഹവും കഴിച്ചില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് കേരളം ലോക്ക് ഡൗണായതോടെ രാജനെ പമ്പാ പൊലീസാണ് താത്ക്കാലിക സംരക്ഷണത്തിനായി അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന് കൈമാറിയത്. 65 കാരിയായ മണ്ണടി പുളിക്കൽ വീട്ടിൽ സരസ്വതി ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ പൊതു പ്രവർത്തകരും പൊലീസും ചേർന്നാണ് 2018 ഫെബ്രുവരി 2ന് മഹാത്മയിലെത്തിച്ചത്. അവിവാഹിതയും സംസാര വൈകല്യവുമുളള സരസ്വതിയുടെ മാതാപിതാക്കൾ മരണപ്പെട്ടതോടെയാണ് ഇവർ തനിച്ചായിപോയത്. മഹാത്മയിൽ ഇരുവരും സഹപ്രവർത്തകരായി. പ്രണയം ആദ്യം മൊട്ടിട്ടതും രാജനെ അത് അറിയിച്ചതും സരസ്വതി തന്നെ.

ഒരു ജന്മത്തിന്റെ ഏറിയപങ്കും ബന്ധുക്കൾക്കും സമൂഹത്തിനുമായി ജീവിച്ചവരാണ് രാജനും സരസ്വതിയും. ഇനിയുള്ള ജീവിതം ഇരുവരും ഒരുമിച്ച് ജീവിക്കട്ടെയെന്നായിരുന്നു മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയുടെ തീരുമാനം.