കെടെറ്റ് പരീക്ഷാ ഫലത്തിന് മുന്‍പ് എച്ച്എസ്എ തസ്തികകളിലേക്കുള്ള അപേക്ഷ തിയതി അവസാനിച്ചതോടെ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. പിഎസ്സിക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടാവാവാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
2020 ഡിസംബര്‍ 30 ന് നോട്ടിഫിക്കേഷന്‍ വന്ന ഹൈസ്കൂള്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി മൂന്ന് ആയിരുന്നു. എച്ച്എസ്എ മാത്തമാറ്റിക്സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. കെടെറ്റ് പരീക്ഷാ ഫലം വരുന്നതിന് മുന്‍പ് തന്നെ അപേക്ഷാ തിയതി അവസാനിച്ചതാണ് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കുന്നത്.
എച്ച്എസ്എയുടെ നിലവിലെ റാങ്ക് ലിസ്റ്റിന് ജൂണ്‍ 21 വരെ കാലാവധി ഉണ്ടെന്നിരിക്കെയാണ് പിഎസ്സിയുടെ തിരക്കിട്ട നീക്കം. കെ ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാനായി എക്സ്ട്രാ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. ഇതിനായി കോടതിയെ സമീപിച്ചു അനുകൂല വിധിക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.