മലപ്പുറം ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊന്നാനി താലൂക്കിലെ സ്‌കൂളുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തീരുമാനം. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തീരുമാനം.
മാറഞ്ചേരി, വന്നേരി സ്‌കൂളുകളിലാണ് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊന്നാനി താലൂക്കിലെ മറ്റ് സ്‌കൂളുകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഇന്ന് പരിശോധനക്ക് വിധേയമാക്കും. ഇതിന് പുറമെ സര്‍വേ നടത്തി കണ്ടെത്തിയ 108 പേരെയും പരിശോധിക്കും. ഇതിനായി മതിയായ ടെസ്റ്റ് കിറ്റുകള്‍ അനുവദിക്കാന്‍ ഡിഎംഒക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കി. ഇതിന് പുറമെ ആവശ്യമായ മുന്‍കരുതല്‍ സ്‌കൂളുകളിലും പൊതു സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ഇനിയുള്ള ദിവസങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ പ്രത്യേകം റിവ്യൂ മീറ്റിംഗ് ചേരാനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. അതെസമയം, കഴിഞ്ഞ ദിവസം രണ്ട് സ്‌കൂളുകളില്‍ നടത്തിയ പരിശോധന ഫലം അടുത്ത ദിവസം പുറത്ത് വരും.