കോഴിക്കോട് കുറ്റ്യാടിയില്‍ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്. ബിജെപി പ്രാദേശിക നേതാവ് വിലങ്ങോട്ടില്‍ മണിയെ 2016 മെയ് 20ന് ബോംബെറിഞ്ഞ ശേഷം വെട്ടിപരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ അശോകന്.
തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു കുറ്റ്യാടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചു വരുത്തി ഇയാള്‍ പൊലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.
എസ്ഐ അനീഷ് ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. അന്‍പതോളം പേരടങ്ങുന്ന സംഘമാണ് പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്ത് ആശോകനെ മോചിപ്പിച്ചത്.