കോഴിക്കോട്ട് നാദാപുരം നരിക്കാട്ടേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുള്‍ അസീസിന്റെ (15) മരണം കൊലപാതകമെന്ന് ആരോപണം. ഒരു യുവാവ് അബ്ദുള്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
നേരത്തെ ക്രൈംബ്രാഞ്ചാണ് കേസ് ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിയുടെ കഴുത്ത് ഞെരിക്കുന്ന മൊബൈല്‍ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലും റോഡ് ഉപരോധിച്ചിരുന്നു. വടകര റൂറല്‍ എസ്പി ലോക്കല്‍ പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും കേസ് പുനരന്വേഷിക്കാന്‍ നിര്‍ദേശിച്ചു.
2020 മെയ് 17നാണ് അസീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. മാതാവും ബന്ധുക്കളും മരണം കൊലപാതകമെന്ന് നേരത്തെ തന്നെ ആരോപിച്ചിരുന്നു. സഹോദരനാണ് വിഡിയോയില്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്നത്.
ഇയാളിപ്പോള്‍ വിദേശത്താണ്. മരിച്ച ദിവസം ധരിച്ച അതേ വസ്ത്രമാണ് അസീസ് വിഡിയോയില്‍ ധരിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍.