കൂട്ട സ്ഥലംമാറ്റം; പ്രതിഷേധവുമായി കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍

കൂട്ട സ്ഥലംമാറ്റത്തിനെതിരെ പരാതിയുമായി കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍. 150ഓളം തൊഴിലാളികളാണ് സ്ഥലം മാറ്റത്തിനെതിരെ രംഗത്തെത്തിയത്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.

അപ്രതീക്ഷിതമായി കോഴിക്കോട് സ്വദേശികളെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. 50ലേറെ ജീവനക്കാര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചു. നടപടി പിന്‍വലിക്കാതിരുന്നാല്‍ വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് തീരുമാനം.

സോണുകള്‍ക്ക് പുറത്തേക്ക് സ്ഥലം മാറ്റം നല്‍കില്ലെന്ന തീരുമാനം അട്ടിറിച്ചു. ഉത്തരവിറക്കും മുന്‍പ് ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പോലും സ്ഥലം മാറ്റം നല്‍കി തുടങ്ങിയ പരാതികളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സ്ഥലത്ത് ജോലിക്ക് പ്രവേശിക്കാനാണ് നിര്‍ദേശം. ഇതിനുള്ളില്‍ ഉത്തരവ് പിന്‍വലിക്കണം എന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.