ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ആദ്യ റീച്ച് കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്. കാസര്‍ഗോഡ് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ ഭാഗമാണ് ആദ്യ റീച്ച്. അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളുമായി മത്സരിച്ചാണ് ഊരാളുങ്കല്‍ കരാര്‍ സ്വന്തമാക്കിയത്.
ദേശീയ പാത വികസനത്തിന്റെ നടപടി ക്രമങ്ങള്‍ ഓരോന്നായി വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ്. പദ്ധതി ആരംഭിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 1,704 കോടി രൂപയ്ക്കാണ് കരാര്‍ സൊസൈറ്റിക്ക് ലഭിച്ചത്.
ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെന്‍ഡറിനെക്കാള്‍ 132 കോടി രൂപ കുറവാണിത്. ദേശീയപാത അതോറിറ്റിയുടെ കരാറില്‍ ഊരാളുങ്കല്‍ സൊസൈറ്റി പങ്കെടുക്കുന്നതും ഇതാദ്യമാണ്. ഭാരത് മാല പദ്ധതിയില്‍ പെടുന്ന റോഡ് പതിനഞ്ച് വര്‍ഷത്തെ പരിപാലനം കൂടി ഉള്‍പ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്. രണ്ട് വര്‍ഷമാണ് നിര്‍മാണ കാലാവധി.