കൊട്ടാരക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ്കടത്തിയ സംഭവം; പ്രതി പിടിയിൽ

കൊട്ടാരക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ്കടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ് പ്രതിയെ പിടികൂടുന്നത്.

ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷണം പോയത്. ആർഎസി 354-ാം നമ്പറിലുള്ള ബസ് തലേന്ന് രാത്രി സർവീസ് പൂർത്തിയാക്കി ഗ്യാരേജിൽ പരിശോധനയ്ക്ക് ശേഷം നിർത്തിയിട്ടതാണ്. പിറ്റേന്ന് ബസ് കാണാതായി. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽ 27 കിലോമീറ്റർ അകലെ പാരിപ്പള്ളിയിലെ റോഡരികിൽ ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മോഷ്ടാവാരെന്ന് കണ്ടെത്താനായിരുന്നില്ല. സംഭവം നടന്ന് 16 ദിവസം പിന്നിടുമ്പോഴാണ് പ്രതിയെ പൊലീസ് പാലക്കാട് നിന്ന് പിടികൂടിയത്. പാലക്കാട് നിന്ന് കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പാലക്കാട് ഒരു സർവീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരികയായിരുന്നു. യാത്രയ്ക്കായി ബസ് എടുത്തു കൊണ്ടുപോയി എന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മുൻപ് സ്വകാര്യ ബസ് കടത്തിയ കേസിലും ഇയാൾ പ്രതിയാണ്.

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് പ്രതിയെ കുടുക്കിയത്. സംഭവത്തിൽ എ.ഡി.ജി.പി ഇന്റലിജൻസ് റൂറൽ എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ടവർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നാണ് പൊലീസിന്റെ ഉന്നതങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.