ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോൽപ്പിച്ചു. മത്സരത്തിന്‍റെ രണ്ടാം മിനിറ്റില്‍ തന്നെ ആന്‍റണി മാര്‍ഷലിനെ ഗബ്രിയില്‍ ജീസസ് ഫൌള്‍ ചെയ്തതിലൂടെ വീണുകിട്ടിയ പെനാല്‍റ്റി അവസരം ബ്രുണോ ഫെർണാണ്ടസ് മുതലാക്കുകയായിരുന്നു.
പെട്ടെന്നുള്ള ഗോളില്‍ പതറിപ്പോയ സിറ്റിയെ ഞെട്ടിച്ച് രണ്ടാം പകുതി ആരംഭിച്ച് അഞ്ചു നിമിഷത്തിനുള്ളില്‍ അടുത്ത ഗോളും വീണു. മാര്‍ക്കസ് റഷ്ഫോര്‍ഡിന്‍റെ അസിസ്റ്റിലൂടെ ലൂക്ക് ഷായാണ് യുണൈറ്റഡിനായി രണ്ടാമത്തെ ഗോള്‍ നേടിയത്.
ഈ വിജയത്തോടെ 15 ജയത്തോടെ ലെസ്റ്റർ സിറ്റിയെ പിന്തള്ളി മാഞ്ചസ്റ്റർ പോയിന്‍റ് പട്ടികയിൽ രണ്ടാമതെത്തി.
അതേസമയം മുൻ ചാമ്പ്യൻമാരായ ലിവർപൂളിന് വീണ്ടും തോൽവി. ഫുൾഹാം എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂളിനെ തോൽപ്പിച്ചത്. 45 ആം മിനിറ്റിൽ മരിയോ ലെമിനയാണ് ഗോൾ നേടിയത്.