21 ന് ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്കരികില്‍

വാഷിംഗ്ടണ്‍: മാര്‍ച്ച് 21ന് ഭൂമിക്കരികില്‍ കൂടി 3,000 അടി വ്യാസമുള്ള ഛിന്നഗ്രഹം കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പ് നല്‍കി. ഭൂമിയുടെ 1.25 മില്യണ്‍ മൈല്‍ അകലെ കൂടിയായിരിക്കും 2001 എഫ്ഒ 32 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം കടന്നുപോകുക. 1.25 മില്യണ്‍ എന്ന ദൂരം ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ ഏകദേശം അഞ്ച് ഇരട്ടിയോളമാണ്.

ഭൂമിക്ക് യാതൊരുവിധ ഭീഷണിയും ഈ ഛിന്നഗ്രഹം സൃഷ്ടിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും അപകടകരമായി ഛിന്നഗ്രഹങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മണിക്കൂറില്‍ 77,000 മൈല്‍ സ്പീഡിലാണ് ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുക. ഇത് സാധാരണ ഛിന്നഗ്രഹങ്ങളുടെ വേഗതയെക്കാള്‍ അധികമാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.

അതേസമയം ഈ നൂറ്റാണ്ടില്‍ ഭൂമിയുടെ അരികില്‍കൂടി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഛിന്നഗ്രഹവും ഭൂമിക്ക് യാതൊരുവിധ ഭീഷണിയും സൃഷ്ടിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.