ആശിര്‍വാദം തേടി അഡ്വ. നൂര്‍ബീനാ റഷീദ് പാണക്കാട് എത്തി

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദിന്‍റെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട് സൗത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആശിര്‍വാദം തേടി സ്ഥാനാര്‍ത്ഥി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി.

ഇന്നലെ രാവിലെ 9.30ഓടെ എത്തിയ അഡ്വ. നൂര്‍ബീനാ റഷീദ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. പിന്നീട് ജില്ല പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെയും സന്ദര്‍ശിച്ചു.

മുസ്‍ലിം ലീഗിന്‍റെ ഏക വനിതാ സ്ഥാനാര്‍ത്ഥിയാണ് നൂര്‍ബിന. ലീഗിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ 1996-ലാണ് ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്- 2 ല്‍ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സി.പി.എമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കോങ്ങാട് മണ്ഡലത്തില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥി യു.സി രാമന്‍, കൊടുവള്ളി സ്ഥാനാര്‍ത്ഥി ഡോ. എം.കെ മുനീര്‍ എന്നിവരും പാണക്കാട്ട് എത്തിയിരുന്നു.