കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ധാരണയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തത് ഇതിന് തെളിവാണ്. ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങാനാണ് ബിജെപിയുടെ ശ്രമം.
കൂടിക്കാഴ്ച നടത്തുന്നതും കൂട്ടുണ്ടാക്കുന്നതും ആരെന്ന കാര്യം തെളിഞ്ഞതാണ്. ബിജെപി – കോണ്‍ഗ്രസ് കേരളാതല കൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ തള്ളുമെന്നും പിണറായി വിജയന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല. അതിലൊക്കെ കൃത്യമായ അജണ്ടയുണ്ടെന്ന് ആ നിയോജക മണ്ഡലവും അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങുക എന്ന നിലപാട് ബിജെപി സ്വീകരിക്കുന്നു. കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണ് ഇത്. അപ്പോഴും അതേ വഴിയില്‍ ബിജെപിയും കോണ്‍ഗ്രസും ലീഗും നീങ്ങുന്നുവെന്നതാണ് കാണുന്നത്.
രണ്ട് വര്‍ഗീയതയെയും മടിയിലിരുത്തി അധികാരം പിടിച്ചടക്കാമെന്നായിരുന്നു വ്യാമോഹിച്ചിരുന്നത്. അത് തകര്‍ന്നടിയുന്നു എന്ന് കാണുമ്പോഴുള്ള വെപ്രാളം ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും കേരളാതല യോജിപ്പുണ്ടാക്കുന്നത് ജനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.