കൊവിഡ് ആശങ്കയില്‍ രാജ്യം നിശ്ചലമായിട്ട് ഒരു വര്‍ഷം. അടച്ചിടലിന്റെ ഒന്നാം വര്‍ഷികത്തിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. കൊവിഡ് മഹാമാരി ലോകത്ത് പടര്‍ന്നിറങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയും സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയത്. പരീക്ഷണം എന്ന നിലയില്‍ മാര്‍ച്ച് 22ന് നടന്ന ജനതാ കര്‍ഫ്യൂ പാത്രം കൊട്ടിയും കൈയ്യടിച്ചും ജനം ഉള്‍ക്കൊണ്ടു.
മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. അര്‍ധരാത്രി ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുമ്പോള്‍ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 500ല്‍ താഴെയായിരുന്നു. വിമാനത്താവളങ്ങളും റെയില്‍വേ ട്രാക്കുകളുമടക്കം രാജ്യം പൂര്‍ണമായും നിശ്ചലമായി.
അതിഥി തൊഴിലാളികളുടേയും പ്രവാസികളുടേയും ദുരിതം മറക്കാനാകാത്ത കാഴ്ചകളിലൊന്നായി മാറി. പട്ടിണി, പലായനം, റെയില്‍വേ ട്രാക്കിലും റോഡിലുമായി പൊലിഞ്ഞ് പോയ ജീവിതങ്ങള്‍ ഒക്കെ ഇന്ത്യക്കാരുടെ കണ്‍മുന്നിലൂടെ കടന്ന് പോയി.
കൊവിഡിനൊപ്പം അഞ്ച് ഘട്ടമായി രാജ്യത്ത് അണ്‍ലോക്ക് നടപ്പാക്കി. പ്രത്യാശകളുമായി കൊവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിന് ശേഷം കണ്ടുപിടിക്കപ്പെട്ടു. രാജ്യത്ത് ഇതുവരെ കോടിക്ക് മേല്‍ ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് കേസുകള്‍ എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഏറുകയാണ്. അന്നത്തെ 500ല്‍ നിന്ന് പ്രതിദിന കേസുകള്‍ ഇന്ന് 50,000ത്തിന് അടുത്തു.