ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള എഫ്സിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ ടീമിനും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍. ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഐ ലീഗില്‍ ചരിത്ര നേട്ടമാണ് ഗോകുലം കേരള എഫ്സി സ്വന്തമാക്കിയത്. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തിയാണ് ഐ ലീഗ് കിരീടം ഗോകുലം സ്വന്തമാക്കിയത്.
കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം എഴുപതാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ഷെരിഫ് മുഹമ്മദാണ് ഗോകുലത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്. 1-1 സമനിലയിലെത്തിയതിന് പിന്നാലെ മലയാളി താരം എമില്‍ ബെന്നിയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. 76 ാമത്തെ മിനിറ്റില്‍ ഗോകുലത്തിനായി ഡെന്നീസ് അഗ്വാരെ മൂന്നാം ഗോള്‍ നേടി. ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് ഗോകുലത്തിനായി മലയാളി താരം മുഹമ്മദ് റാഷിദ് നാലാം ഗോളും നേടി.
23 ാം മിനിറ്റില്‍ സൂപ്പര്‍ താരം വിദ്യാസാഗര്‍ സിങ്ങാണ് ട്രാവു എഫ്സിക്കായി ആദ്യ ഗോള്‍ നേടിയത്. ബോക്സിന് വെളിയില്‍ നിന്ന് ഷോട്ടെടുത്ത വിദ്യാസാഗര്‍ ബോള്‍ കൃത്യമായി വലയിലെത്തിച്ചു. വിദ്യാസാഗര്‍ ഈ സീസണില്‍ നേടുന്ന 12 ാം ഗോളാണിത്.
ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കളിതുടങ്ങി അഞ്ചാംമിനിറ്റില്‍ ഗോകുലത്തിന് മികച്ച അവസരം ലഭിച്ചുവെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല. ആറാംമിനിറ്റില്‍ ഗോകുലത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചുവെങ്കിലും കിക്ക് ട്രാവു എഫ്സിയുടെ പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു.