അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ആറാം സെമസ്റ്റർ പരീക്ഷ; വിദ്യാർത്ഥികളെ വെട്ടിലാക്കി കേരള സർവകലാശാല

ആറാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളെ വെട്ടിലാക്കി കേരള സർവകലാശാല. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരുമാസം പോലും തികയുന്നതിന് മുന്നേ ആറാം സെമസ്റ്റർ പരീക്ഷ നടത്താനാണ് സർവകലാശാല തീരുമാനം.

പല കോളേജുകളിലും രണ്ടാഴ്ച മുമ്പ് ‌മാത്രമാണ് ആറാം സെമസ്റ്ററിന്റെ ക്ളാസുകൾ ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി പരിശീലനത്തിന് പോയതിനാൽ പല അധ്യാപകർക്കും കൃത്യമായി ക്ലാസെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അവസാന സെമസ്റ്റർ ആയതിനാൽ കൃത്യമായ തയ്യാറെടുപ്പ് കൂടാതെ പരീക്ഷ എഴുതിയാൽ മാർക്ക് കുറയാനും ഉപരിപഠനത്തെ ദോഷകരമായി ബാധിക്കാനും സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

ഏപ്രിൽ 15 നാണ് കേരള സർവകലാശാലയുടെ ആറാം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നത്.