രാജ്യത്തെ രണ്ടാം കൊവിഡ് തരംഗം ഗൗരവമായി എടുക്കണം: മുഖ്യമന്ത്രി

രാജ്യത്തെ രണ്ടാം കൊവിഡ് തരംഗം ഗൗരവമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ജാഗ്രത പാലിക്കണം. ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം വിവിധ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനേഷന് എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

ജനിതക വ്യതിയാനമുള്ള വൈറസുകളുടെ സന്നിധ്യം മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വൈറസ് ഇവിടെ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി ഉയര്‍ന്നു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണകണക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,64,110 ആയി ഉയര്‍ന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 44,202 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,15,69,241 ആയി. രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 658909 പേരാണ്.