കെ.വി തോമസ് പഴയ കെ.വി തോമസല്ല: കൊച്ചി പഴയ കൊച്ചി തന്നെ

കെവി തോമസ് പഴയ കെവി തോമസ് ആവില്ലെങ്കിലും കൊച്ചി പഴയ കൊച്ചി തന്നെയാണ്. കൊച്ചിയിൽ സിപിഐഎം പയറ്റുന്ന രാഷ്ട്രീയത്തിൽ അന്നും ഇന്നും കാതലായ മാറ്റമില്ല. ലോക്സഭയിലും നിയമസഭയിലും സ്വതന്ത്രരെ മുൻനിർത്തിയുള്ള പരീക്ഷണം എറണാകുളത്ത് സിപിഐഎം പലപ്പോഴും പയറ്റിയിട്ടുണ്ട്. കെവി തോമസ് കോൺഗ്രസ് വിടില്ലെന്നാവർത്തിക്കുമ്പോൾ സിപിഐഎമ്മിൻ്റെ മനസിൽ മറ്റൊരു സ്വതന്ത്ര പരീക്ഷണമാണ് തെളിയുന്നത്.

1984ൽ കെവി തോമസ് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ആദ്യ അങ്കം കുറിക്കുമ്പോൾ അന്ന് എതിരാളി കോൺഗ്രസിൽ നിന്ന് കോൺഗ്രസ് എസിലേക്ക് ചേക്കേറിയ എഎ കൊച്ചുണ്ണി മാസ്റ്റർ ആയിരുന്നു. 84ൽ തോമസിന് വേണ്ടി പിന്മാറിയ അന്നത്തെ സിറ്റിംഗ് എംപി സേവ്യർ അറക്കൽ 1996 ൽ സിപിഐഎം സ്വതന്ത്രനായി കെവി തോമസിനെ വീഴ്ത്തിയ ചരിത്രവുമുണ്ട്. ഒരു മാസം മുമ്പുവരെ കോൺഗ്രസുകാരനായിരുന്ന സേവ്യർ അറക്കലിന് സിപിഐഎമ്മുകാർ പോലും വോട്ടു ചെയ്യില്ലെന്നായിരുന്നു അന്നത്തെ യുഡിഎഫ് പ്രചാരണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെവി തോമസിൻ്റെ LDF സ്ഥാനാർത്ഥി സാധ്യത ചോദ്യം ചെയ്ത് കോൺഗ്രസുകാർ ആവർത്തിക്കുന്നതും അന്നത്തെ അതേ ചോദ്യം.

തേവര സേക്രഡ് ഹേർട്ട് കോളജിലെ രസതന്ത്രം അധ്യാപകനായിരുന്ന കെവി തോമസിന് പക്ഷേ രാഷ്ട്രീയ ബാരോ മീറ്ററിൽ രസ നിരപ്പ് മേലോട്ടായിരുന്നു. കെ കരുണാകരൻ്റെ വിശ്വസ്തനായി എംപി സ്ഥാനം നേടി. 2001 ൽ എകെ ആൻറണി മന്ത്രിസഭയിൽ ഉമ്മൻ ചാണ്ടിയെ വെട്ടി കെ കരുണാകരൻ്റെ നോമിനിയിലെ കെ വി തോമസ് ഇടം നേടി. വൈകാതെ കരുണാകരനെ വിട്ട് കൂറ് ആൻറണിക്കൊപ്പമായി. ഇതിനിടെയെത്തിയ ഫ്രഞ്ച് ചാരക്കേസും വ്യാജ രേഖാ വിവാദവും അതിജീവിച്ചു. ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ചു. അഞ്ച് തവണ ജയിച്ചു. രണ്ടു തവണ എംഎൽഎയായി. കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിയായി. പദവി നേടുന്നത് കുമ്പളങ്ങിക്കായലിലെ തിരുതമീൻ എത്തിച്ചെന്ന് ഒപ്പമുള്ളവരും എതിരാളികളും അധിക്ഷേപിച്ചു.

2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം മോദി അനുകൂല നിലപാടെന്ന് കെ വി തോമസിനെതിരെ വിമർശനമുയർന്നു. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി കെവി തോമസിനെ നിർദേശിച്ചതോടെ ഈ വിമർശനം ശക്തമായി. വീട്ടിലെ താമര കൃഷി വിവാദമായിരുന്നു ഒടുവിലത്തേത്. താമര മാത്രമല്ല ചെമ്പരത്തിയും തൻ്റെ വീട്ടിലുണ്ടെന്നായിരുന്നു വിവാദത്തോട് കെവി തോമസിൻ്റെ പ്രതികരണം. അങ്ങനെ ചെമ്പരത്തിപ്പൂ നെഞ്ചിലേറ്റി കെവി തോമസ് ഇടതുപാളയത്തിലേക്ക് നടന്നടുക്കുകയാണ്.