മൻസൂർ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവർത്തകർ. എഫ്‌ഐആറിന്റെ പകർപ്പ് ലഭിച്ചു.
അറസ്റ്റിലായ ഷിനോസാണ് ഒന്നാംപ്രതി. രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നാസർ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. രണ്ടാം പ്രതിയായ രതീഷിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. പ്രധാന പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.
ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.