ഒൻപത് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് തിരശീല വീണു; തെന്നിന്ത്യൻ ഹൃദയങ്ങളിലേക്ക് തംബുരുമീട്ടിയ കെ.ജി ജയൻ ഇനി ഓർമ

ഒൻപത് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് തിരശീല വീണു. സംഗീതലോകത്ത് തന്റേതായ രാഗമുദ്ര പതിപ്പിച്ച പത്മശ്രീ കെ.ജി ജയൻ തംബരുമീട്ടിയത് തെന്നിന്ത്യയുടെ ഹൃദയങ്ങളിലായിരുന്നു. സംഗീതം ജീവിതമാക്കിയ കെ.ജി ജയൻ ഒരുക്കിയ ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളും മറക്കാനാകില്ല

1934ൽ കോട്ടയത്താണ് കെ.ജി ജയന്റെ ജനനം. ഗോപാലൻ തന്ത്രികളുടേയും നാരായണിയമ്മയുടേയും നാല് മക്കളിൽ ഏറ്റവും ഇളയ ഇരട്ട സഹോദരങ്ങളായിരുന്നു കെ.ജി ജയനും, കെ.ജി വിജയനും. വളരെ ചെറുപ്പത്തിൽ തന്നെ കർണാടക സംഗീതം അഭ്യസിച്ച ജയ-വിജയ സഹോദരങ്ങൾ ഒൻപതാം വയസിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റവും നടത്തി. ആലത്തൂർ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം ബാലമുരളീകൃഷ്ണ പോലുള്ള കർണാടക സംഗീതത്തിലെ അതികായരുടെ കീഴിൽ പരിശീലനം നേടിയവരാണ് കെ.ജി ജയനും, കെ.ജി വിജയനും. ചെമ്പൈയുടെ കീഴിൽ പരിശീലിക്കവേയാണ് ഇരുവരും ഗാനങ്ങൾ ചിട്ടപ്പെടുത്താനും പാടാനും തുടങ്ങിയത്.

ഇരട്ടസഹോദരനായ വിജയനൊപ്പമായിരുന്നു കെ.ജി ജയനെന്ന അതുല്യ പ്രതിഭയുടെ സംഗീതയാത്ര. 1988 ൽ കെ.ജി വിജയന്റെ അകാല മരണം കെ.ജി ജയനെ ഉലച്ചുവെങ്കിലും ഭക്തിഗാനങ്ങളിലൂടെ ജയൻ ആശ്വാസം കണ്ടെത്തി. ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ…’, ‘ഹരിഹരസുതനേ…’ ‘ശ്രീശബരീശാ ദീനദയാലാ…’ ‘ദർശനം പുണ്യദർശനം…’ എന്നിങ്ങനെ നിരവധി ഭക്തിഗാനങ്ങൾക്ക് അദ്ദേഹം രൂപം നൽകി. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ശബരിമലനട തുറക്കുമ്പോൾ ഇപ്പോഴും കേൾപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘ശ്രീകോവിൽ നട തുറന്നു…’ എന്ന പാട്ടാണ്.